Thursday 20 June 2013

പാട്ടക്കലാശം കേരള ഗവ: വക. ഖണ്ഡം ഒന്ന്

എംകെ ഗ്രൂപ്പിന് ബോള്‍ഗാട്ടിഭൂമി പാട്ടത്തിനു കൊടുത്ത നടപടി വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയല്ലോ. ഇപ്പോള്‍ ഏകദേശം എല്ലാം കെട്ടടങ്ങിയിരിക്കുന്നു. കൂട്ടത്തില്‍ ഇടപ്പള്ളി ലുലുമാള്‍ കനാല്‍ കയ്യേറി പാലം, മതില്‍ മുതലായവ പണിതു, NH-17 ല്‍  എന്‍ട്രി ഉണ്ടാക്കാന്‍ NH പുറമ്പോക്കും മെട്രോ സ്റ്റേഷന്‍ പണിയാനുള്ള ഭൂമിയും കയ്യേറി, അവിടെ പാര്‍ക്കിംഗ് സ്ലോട്ട് ഉണ്ടാക്കി, തുടങ്ങിയ ആരോപണങ്ങളും ഉണ്ട്. അതില്‍ കുറെ വാസ്തവം ഉണ്ടെന്നു ലുലുമാള്‍ ഒരു തവണ കണ്ടാല്‍ മനസിലാകും. KMRL രേഖാ മൂലം പരാതി നല്‍കിയെങ്കിലും കൊച്ചി കോര്‍പറേഷന്‍ അത് അവഗണിച്ചു. ഇപ്പോള്‍ വിവാദത്തെ തുടര്‍ന്ന് റീസര്‍വേ ഉത്തരവായി. റീസര്‍വേ ഫലം പ്രതീക്ഷിച്ചത് പോലെ ലുലൂ മാളിനെ വെള്ളപൂശി. പക്ഷെ ഇടപ്പള്ളി ലുലു മാള്‍ കാണുന്ന ആളുകള്‍ക്ക് മനസിലാകുന്ന കാര്യം സര്‍വേ നടത്തിയവര്‍ കണ്ടില്ല, അഥവാ എംകെ ഗ്രൂപ്പ് കാണേണ്ടവരെ കാണേണ്ട പോലെ കണ്ടുകാണും. മെട്രോ സ്റ്റേഷന്‍ മാളിന്റെ അകത്തായാല്‍ നല്ലതല്ലേ എന്നൊരു വാദവും ഇപ്പോള്‍ വരുന്നുണ്ട്. അതൊക്കെ അതിന്റെ സൗകര്യം പോലെ ചെയ്യാം എന്നെ പറയാനുള്ളൂ..

ഇതെല്ലാം ശരിയാണെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കട്ടെ എന്നാണ് എല്ലാവര്ക്കും പറയാനുള്ളത്. പക്ഷെ ആര്‍ നടപടി എടുക്കും ? എങ്ങനെ എടുക്കാന്‍ സാധിക്കും? കാരണം നോക്കി വെറുതെ അലയേണ്ട. മാറി മാറി വന്ന ഗവ: നടത്തിയ ചില പാട്ട മാനേജ്‌മന്റ്‌  വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഒന്ന് വായിക്കുക. 
  • ഹാരിസണ്‍ ഗ്രൂപ്പിന്റെ കയ്യില്‍ അനധികൃതമായി 59,000 ഏക്കര്‍ .
  • പോബ്സ് ഗ്രൂപ്പിന്റെ കയ്യില്‍ ഏകദേശം 1700 ഏക്കര്‍ , കൃത്യമായ കണക്കു ദൈവത്തിനു അറിയാം.
  • കോവളം പാലസിന്റെ തര്‍ക്കത്തില്‍ ഉള്ള 16 ഹെക്ടര്‍ സ്ഥലം രവി പിള്ളക്ക് കൈമാറി.
  • 66 കോടി രൂപ വിലവരുന്ന നിറമണക്കര എന്‍.എസ്.എസ് കോളേജ് നില്‍ക്കുന്ന 25.6 ഏക്കര്‍ ഭൂമി സെന്റിന് 100 രൂപ വില നിശ്ചയിച്ച് പതിച്ചു നല്‍കി.
  • തിരുവനന്തപുരം എം ജി കോളേജിന്റെ 10796 കോടി രൂപ വിലവരുന്ന 42.96 ഏക്കര്‍ സ്ഥലം എന്‍.എസ്.എസിന് പതിച്ചു നല്‍കിയിരുന്നു. 39 കോടി രൂപ പാട്ടകുടിശ്ശിക എഴുതി തള്ളുകയും ചെയ്തു.
  • തിരുവനന്തപുരം വഞ്ചിയൂരില്‍ എന്‍.എസ്.എസിന്റെ കൈവശമുള്ള 71 സെന്റ് സ്ഥലത്തിന്റെ പാട്ടക്കാലാവധി പ്രതിവര്‍ഷം വെറും 18 രൂപക്ക് 2036 വരെ നീട്ടിക്കൊടുത്തു , ആയിനത്തില്‍ 1937 മുതല്‍ സര്‍ക്കാറിന് ലഭിക്കാനുള്ള 1.25 കോടിയുടെ പാട്ടക്കുടിശ്ശികഎഴുതിത്തള്ളി ,
  • ഇടുക്കിയിലെ മണക്കാട് എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് 1963 മുതല്‍ പാട്ടത്തിന് നല്‍കിയ 99 സെന്റ് ഭൂമിയില്‍ സ്വതന്ത്രാവകാശം നല്‍കുകയും, പ്രസ്തുത ഭൂമിയുടെ പാട്ടക്കുടിശ്ശികയായ 57,88,800 രൂപ ഒഴിവാക്കിക്കൊടുകയും ചെയ്തു. 
  • പന്തളത്ത് മന്നം ഷുഗര്‍ മില്‍ കോഓപറേറ്റിവ് സൊസൈറ്റിക്ക് വേണ്ടി എന്‍.എസ്.എസ് കൈവശം വെക്കുന്ന 9.46 ഏക്കര്‍ പാട്ടഭൂമി യഥേഷ്ടം മാറ്റങ്ങള്‍ വരുത്താന്‍ അനുവദിച്ചു.
  • വാഗമണ്‍ മുരുകന്‍മലയില്‍ എസ്.എന്‍ .ഡി.പിക്ക് 25 ഏക്കര്‍ റവന്യൂ ഭൂമി സൌജന്യനിരക്കില്‍  പതിച്ചു നല്‍കി.
.........................................................etc.
         വനഭൂമി കയ്യേറി കൃഷി ചെയ്യുന്ന ചില പാവം കോടീശ്വര കൃഷിക്കാര്‍ വേറെയുമുണ്ട്. ചില സര്‍വകലാശാല ഭൂമിയും പാട്ടക്കണക്കില്‍ ഉണ്ട്. ഏകദേശ കണക്കു പോലും കിട്ടാത്തതിനാല്‍ വിശദാംശങ്ങള്‍ പറയുന്നില്ല.  ഈ ഇടപാടുകളില്‍ പലതും പിറവം , നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് സമയത്ത് സമുദായ സംഘടനകളെ സുഖിപ്പിക്കാന്‍ കൊടുത്തതായിരുന്നു എന്നും ഓര്‍ക്കണം. ഇതൊക്കെ വെച്ച് നോക്കിയാല്‍ എംകെ ഗ്രൂപ്പ്‌ വളരെ ഡീസന്റ് കുത്തകകള്‍ ആണെന്ന് പറയേണ്ടി വരും..അപ്പോള്‍ ലാഭം പ്രതീക്ഷിക്കാതെ (?) ജോലി കൊടുത്ത പുണ്യം പറഞ്ഞുള്ള വികാരപ്രകടനങ്ങളും സമുദായ സ്നേഹം കാണിക്കുന്ന വീമ്പു പറച്ചിലും,നമ്മള്‍ ഇനിയും കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും........ഒരു കയറിന്റെ അപ്പുറത്തും ഇപ്പുറത്തും സാധനങ്ങൾ കെട്ടിയിട്ടു അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു കൊണ്ടിരിക്കുന്നു. പുറമെന്നു നോക്കുമ്പോൾ എല്ലാവരും എന്തൊക്കെയോ ചെയ്യുന്നുണ്ട് പക്ഷെ കയറും അതിന്റെ അറ്റത്തു കെട്ടിയിരിക്കുന്ന സാധനങ്ങളും അവിടെ തന്നെ. ഏതു രാഷ്ട്രീയ കക്ഷി ആയാലും മുന്നണി  ആയാലും അങ്ങനെ തന്നെ. വികസനത്തിന്റെ പേര് പറഞ്ഞു കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളുടെ ഒരു ചുരുക്കം ഇതാണ്.

No comments:

Post a Comment