Thursday 20 June 2013

പാട്ടക്കലാശം കേരള ഗവ: വക. ഖണ്ഡം ഒന്ന്

എംകെ ഗ്രൂപ്പിന് ബോള്‍ഗാട്ടിഭൂമി പാട്ടത്തിനു കൊടുത്ത നടപടി വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയല്ലോ. ഇപ്പോള്‍ ഏകദേശം എല്ലാം കെട്ടടങ്ങിയിരിക്കുന്നു. കൂട്ടത്തില്‍ ഇടപ്പള്ളി ലുലുമാള്‍ കനാല്‍ കയ്യേറി പാലം, മതില്‍ മുതലായവ പണിതു, NH-17 ല്‍  എന്‍ട്രി ഉണ്ടാക്കാന്‍ NH പുറമ്പോക്കും മെട്രോ സ്റ്റേഷന്‍ പണിയാനുള്ള ഭൂമിയും കയ്യേറി, അവിടെ പാര്‍ക്കിംഗ് സ്ലോട്ട് ഉണ്ടാക്കി, തുടങ്ങിയ ആരോപണങ്ങളും ഉണ്ട്. അതില്‍ കുറെ വാസ്തവം ഉണ്ടെന്നു ലുലുമാള്‍ ഒരു തവണ കണ്ടാല്‍ മനസിലാകും. KMRL രേഖാ മൂലം പരാതി നല്‍കിയെങ്കിലും കൊച്ചി കോര്‍പറേഷന്‍ അത് അവഗണിച്ചു. ഇപ്പോള്‍ വിവാദത്തെ തുടര്‍ന്ന് റീസര്‍വേ ഉത്തരവായി. റീസര്‍വേ ഫലം പ്രതീക്ഷിച്ചത് പോലെ ലുലൂ മാളിനെ വെള്ളപൂശി. പക്ഷെ ഇടപ്പള്ളി ലുലു മാള്‍ കാണുന്ന ആളുകള്‍ക്ക് മനസിലാകുന്ന കാര്യം സര്‍വേ നടത്തിയവര്‍ കണ്ടില്ല, അഥവാ എംകെ ഗ്രൂപ്പ് കാണേണ്ടവരെ കാണേണ്ട പോലെ കണ്ടുകാണും. മെട്രോ സ്റ്റേഷന്‍ മാളിന്റെ അകത്തായാല്‍ നല്ലതല്ലേ എന്നൊരു വാദവും ഇപ്പോള്‍ വരുന്നുണ്ട്. അതൊക്കെ അതിന്റെ സൗകര്യം പോലെ ചെയ്യാം എന്നെ പറയാനുള്ളൂ..

ഇതെല്ലാം ശരിയാണെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കട്ടെ എന്നാണ് എല്ലാവര്ക്കും പറയാനുള്ളത്. പക്ഷെ ആര്‍ നടപടി എടുക്കും ? എങ്ങനെ എടുക്കാന്‍ സാധിക്കും? കാരണം നോക്കി വെറുതെ അലയേണ്ട. മാറി മാറി വന്ന ഗവ: നടത്തിയ ചില പാട്ട മാനേജ്‌മന്റ്‌  വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഒന്ന് വായിക്കുക. 
  • ഹാരിസണ്‍ ഗ്രൂപ്പിന്റെ കയ്യില്‍ അനധികൃതമായി 59,000 ഏക്കര്‍ .
  • പോബ്സ് ഗ്രൂപ്പിന്റെ കയ്യില്‍ ഏകദേശം 1700 ഏക്കര്‍ , കൃത്യമായ കണക്കു ദൈവത്തിനു അറിയാം.
  • കോവളം പാലസിന്റെ തര്‍ക്കത്തില്‍ ഉള്ള 16 ഹെക്ടര്‍ സ്ഥലം രവി പിള്ളക്ക് കൈമാറി.
  • 66 കോടി രൂപ വിലവരുന്ന നിറമണക്കര എന്‍.എസ്.എസ് കോളേജ് നില്‍ക്കുന്ന 25.6 ഏക്കര്‍ ഭൂമി സെന്റിന് 100 രൂപ വില നിശ്ചയിച്ച് പതിച്ചു നല്‍കി.
  • തിരുവനന്തപുരം എം ജി കോളേജിന്റെ 10796 കോടി രൂപ വിലവരുന്ന 42.96 ഏക്കര്‍ സ്ഥലം എന്‍.എസ്.എസിന് പതിച്ചു നല്‍കിയിരുന്നു. 39 കോടി രൂപ പാട്ടകുടിശ്ശിക എഴുതി തള്ളുകയും ചെയ്തു.
  • തിരുവനന്തപുരം വഞ്ചിയൂരില്‍ എന്‍.എസ്.എസിന്റെ കൈവശമുള്ള 71 സെന്റ് സ്ഥലത്തിന്റെ പാട്ടക്കാലാവധി പ്രതിവര്‍ഷം വെറും 18 രൂപക്ക് 2036 വരെ നീട്ടിക്കൊടുത്തു , ആയിനത്തില്‍ 1937 മുതല്‍ സര്‍ക്കാറിന് ലഭിക്കാനുള്ള 1.25 കോടിയുടെ പാട്ടക്കുടിശ്ശികഎഴുതിത്തള്ളി ,
  • ഇടുക്കിയിലെ മണക്കാട് എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് 1963 മുതല്‍ പാട്ടത്തിന് നല്‍കിയ 99 സെന്റ് ഭൂമിയില്‍ സ്വതന്ത്രാവകാശം നല്‍കുകയും, പ്രസ്തുത ഭൂമിയുടെ പാട്ടക്കുടിശ്ശികയായ 57,88,800 രൂപ ഒഴിവാക്കിക്കൊടുകയും ചെയ്തു. 
  • പന്തളത്ത് മന്നം ഷുഗര്‍ മില്‍ കോഓപറേറ്റിവ് സൊസൈറ്റിക്ക് വേണ്ടി എന്‍.എസ്.എസ് കൈവശം വെക്കുന്ന 9.46 ഏക്കര്‍ പാട്ടഭൂമി യഥേഷ്ടം മാറ്റങ്ങള്‍ വരുത്താന്‍ അനുവദിച്ചു.
  • വാഗമണ്‍ മുരുകന്‍മലയില്‍ എസ്.എന്‍ .ഡി.പിക്ക് 25 ഏക്കര്‍ റവന്യൂ ഭൂമി സൌജന്യനിരക്കില്‍  പതിച്ചു നല്‍കി.
.........................................................etc.
         വനഭൂമി കയ്യേറി കൃഷി ചെയ്യുന്ന ചില പാവം കോടീശ്വര കൃഷിക്കാര്‍ വേറെയുമുണ്ട്. ചില സര്‍വകലാശാല ഭൂമിയും പാട്ടക്കണക്കില്‍ ഉണ്ട്. ഏകദേശ കണക്കു പോലും കിട്ടാത്തതിനാല്‍ വിശദാംശങ്ങള്‍ പറയുന്നില്ല.  ഈ ഇടപാടുകളില്‍ പലതും പിറവം , നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് സമയത്ത് സമുദായ സംഘടനകളെ സുഖിപ്പിക്കാന്‍ കൊടുത്തതായിരുന്നു എന്നും ഓര്‍ക്കണം. ഇതൊക്കെ വെച്ച് നോക്കിയാല്‍ എംകെ ഗ്രൂപ്പ്‌ വളരെ ഡീസന്റ് കുത്തകകള്‍ ആണെന്ന് പറയേണ്ടി വരും..അപ്പോള്‍ ലാഭം പ്രതീക്ഷിക്കാതെ (?) ജോലി കൊടുത്ത പുണ്യം പറഞ്ഞുള്ള വികാരപ്രകടനങ്ങളും സമുദായ സ്നേഹം കാണിക്കുന്ന വീമ്പു പറച്ചിലും,നമ്മള്‍ ഇനിയും കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും........ഒരു കയറിന്റെ അപ്പുറത്തും ഇപ്പുറത്തും സാധനങ്ങൾ കെട്ടിയിട്ടു അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു കൊണ്ടിരിക്കുന്നു. പുറമെന്നു നോക്കുമ്പോൾ എല്ലാവരും എന്തൊക്കെയോ ചെയ്യുന്നുണ്ട് പക്ഷെ കയറും അതിന്റെ അറ്റത്തു കെട്ടിയിരിക്കുന്ന സാധനങ്ങളും അവിടെ തന്നെ. ഏതു രാഷ്ട്രീയ കക്ഷി ആയാലും മുന്നണി  ആയാലും അങ്ങനെ തന്നെ. വികസനത്തിന്റെ പേര് പറഞ്ഞു കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളുടെ ഒരു ചുരുക്കം ഇതാണ്.

Sunday 7 October 2012

ആളിപ്പടരുന്ന പെട്രോളിയം ആശങ്കകള്‍


        പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ സമ്പന്നന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒന്ന് നടുങ്ങും. ഇതിനു കാരണം നിത്യോപയോഗസാധനങ്ങളുടെ വില ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് തന്നെയാണ്. ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ എന്ന് പറഞ്ഞാല്‍ ലിസ്റ്റ്‌ പൂര്‍ണമാകില്ല, കാരണം ബസ്ചാര്‍ജ്, ടാക്സി ചാര്‍ജ്, എന്ന് തുടങ്ങി വൈദ്യുതിയുടെ ചെലവ് വരെ ഉയരുന്നു. ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങളും ചെറുകാറുകളും സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ട്  പെട്രോള്‍  പണക്കാരന്റെ ഇന്ധനം ആണെന്ന് ഒരു നിലക്കും പറയാന്‍ കഴിയില്ല. ചെറുകിട വാഹനങ്ങള്‍ ഒരു ആഡംബരം എന്നതില്‍ കവിഞ്ഞു അത്യാവശ്യം എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അടിക്കടി ഉയരുന്ന പെട്രോളിയം വില എല്ലാവരുടെയും ജീവിത ചെലവിന്റെ താളം തെറ്റിക്കുന്നു. വില ഉയരുന്നതിനു മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നല്‍കുന്ന മറുപടികള്‍ ജനങ്ങള്‍ക്ക് ഒട്ടും തന്നെ ദഹിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍. എല്ലായ്പോഴും ചൂണ്ടികാണിക്കാന്‍ ക്രൂഡോയിലിന്റെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ മൊത്തവിലസൂചികയിലെ ഉയര്‍ച്ചയും താഴ്ചയും മാത്രമേയുള്ളൂ. എന്നാല്‍ വില താഴുമ്പോള്‍ അതിനു ആനുപാതികമായി പെട്രോളിയം ഉത്പന്നവില കുറയുന്നുമില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകള്‍മാനംമുട്ടെ ആളിപ്പടര്‍ന്നു നില്‍ക്കുകയാണ്. എല്ലാവരുടെയും മനസ്സില്‍ ഉള്ള സംശയങ്ങള്‍ താഴെ പറയുന്നവയാണ്.

  •  പൊതുമേഖലാ എണ്ണ കമ്പനികളും സ്വകാര്യ എണ്ണ കമ്പനികളും നഷ്ടത്തിലാണ് എന്ന് പറയുന്നത് ശരിയാണോ?
  •  അണ്ടര്‍ റിക്കവറി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
  • അന്താരാഷ്ട്ര എണ്ണ വില എങ്ങനെയാണ് നമ്മുടെ ആഭ്യന്തര വിലയെ ബാധിക്കുന്നത്? 
         ഇത്തരം ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉത്തരം കണ്ടെത്താന്‍ നമുക്ക് എണ്ണ വിപണിയുടെ യഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്നു നോക്കാം...

        അന്താരാഷ്ട്ര വിപണിയില്‍ വില കാണിക്കുന്നത് ഒരു ബാരല്‍ ക്രൂഡ്ഓയിലിന് ആണ്. ഇത് പ്രോസ്സസ് ചെയ്താല്‍ നൂറു കണക്കിന് ഉല്പന്നങ്ങള്‍ ആണ് വരുന്നത്. നമ്മുടെ പല തട്ടുകടകളില്‍ വെളിച്ചെണ്ണക്കും പാമോയിലിനും പകരം ഉപയോഗിക്കുന്ന ലിക്വിഡ്‌ പാരഫിന്‍ വരെ ഇതില്‍ നിന്നാണ്. ഇതിലെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും സര്‍ക്കാര്‍ സബ്സിഡി ഇല്ല എന്നത്‌ ആരും ഓര്‍ക്കുന്നില്ല. 
        സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് രാജ്യത്തിന്റെ പെട്രോളിയം ആവശ്യത്തിന്റെ 80 ശതമാനമാണ് ഇറക്കുമതി. അതായത് ബാക്കി 20 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതാണ്. ഈ പറഞ്ഞ 80% ഇറക്കുമതി ലോങ്ങ്‌ ടേം കോണ്ട്രാക്റ്റ് ആണ്. എന്ന് വെച്ചാല്‍ ഒരു നിശ്ചിത അളവ് ക്രൂഡ്ഓയില്‍ നിശ്ചിതകാലം ഫിക്സ്ഡ് ആയ വിലക്ക്  വാങ്ങാം എന്ന കരാര്‍. അപ്പോള്‍ അന്താരാഷ്ട്ര വിലയിലെ വ്യതിയാനങ്ങളും ഒരു പരിധി വരെ നമ്മെ ബാധിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും.  ക്രൂഡ്‌ഓയില്‍ പ്രോസ്സസ് ചെയ്യാന്‍  ഇന്ത്യയുടെ സാങ്കേതിക ശേഷി മറ്റ് പല രാജ്യങ്ങളേക്കാള്‍ മികച്ചതാണുതാനും. റിഫൈനറികളിലെ സംസ്‌കരണകാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമായതുകൊണ്ടുതന്നെ നമുക്കാവശ്യമുള്ളതില്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ നമ്മള്‍ ഇറക്കുമതി ചെയ്യുകയും സംസ്‌കരിച്ച് പെട്രോളിയം ഉത്പന്നങ്ങളായി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഉദാഹരണത്തിന്, 2009-10 വര്‍ഷത്തില്‍ ഇന്ത്യ ഒരു കോടി ടണ്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ 2.8 കോടി ടണ്‍ കയറ്റുമതി ചെയ്തു. (രാജ്യത്ത് ആവശ്യമുള്ളതിന്റെ 20 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നത് കൂടി കണക്കാക്കണം). ഇത് 2010-2011- ല്‍ ഏകദേശം 64% ആയും 2011-2012-ല്‍ ഏകദേശം 71 % ആയും വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തിന്‌ വിദേശനാണ്യം നേടിത്തരുന്ന ഇടപാട് ആയതിനാല്‍ കയറ്റുമതി നികുതി ഒഴിവാക്കി കൊടുക്കുന്നുണ്ട്. എന്നുവെച്ചാല്‍ ഇറക്കുമതിക്ക് നികുതി ഫലത്തില്‍ നല്‍കേണ്ടി വരുന്നില്ല.  പക്ഷെ ഇറക്കുമതി നഷ്ടം പറയുമ്പോള്‍ കയറ്റുമതിയിലെ ലാഭം എവിടെയും പറയുന്നില്ല. ഡോളര്‍ റേറ്റില്‍ വരുന്ന വ്യതിയാനങ്ങള്‍ അതുപോലെ തന്നെ. ഈ ഇളവ്‌ സ്വകാര്യ കമ്പനികള്‍ക്കും കൊടുക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി നടപ്പാക്കുന്ന വിലവര്‍ധനവ്‌ റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കമ്പനികള്‍ മറ്റു മൂന്നാം ലോക രാജ്യങ്ങളിലേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന കയറ്റുമതിക്ക് വേണ്ടിയാണ് എന്ന് പറയുന്നുണ്ട്. മാത്രമല്ല ഐ.ഓ.സി  സുഡാന്‍ പോലുള്ള വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

        അണ്ടര്‍ റിക്കവറി മൂലമുള്ള നഷ്ടമെന്ന്  എണ്ണക്കമ്പനികള്‍ ആവര്‍ത്തിച്ച്  പറയുന്നത് മനസ്സിലാകണമെങ്കില്‍ രാജ്യത്ത് എണ്ണവില കണക്കാക്കുന്ന സമ്പ്രദായം ആദ്യം മനസ്സിലാക്കണം. എണ്ണയുടെ അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്ന രീതിയാണ് നേരത്തേ നിലവിലുണ്ടായിരുന്നത്. ഇംപോര്‍ട്ട് പാരിറ്റി പ്രൈസിങ് സിസ്റ്റം എന്നറിയപ്പെട്ടിരുന്ന ഈ സംവിധാനം 1976-ല്‍ അവസാനിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസിങ് മെക്കാനിസമാണ് (എ.പി.എം.) അതിനുശേഷം നിലവില്‍ വന്നത്. എ.പി.എം. അനുസരിച്ച്, അസംസ്‌കൃത എണ്ണവിലയും സംസ്‌കരണവിലയും കമ്പനികള്‍ക്കുള്ള ന്യായമായ ലാഭവും നോക്കിയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലനിശ്ചയിക്കുക. അതാണ് ന്യായമായി ചെയ്യേണ്ടതും.
        
        1991-ന് ശേഷം സ്വദേശ-വിദേശ സ്വകാര്യ കമ്പനികള്‍ ഈ വ്യവസായത്തിലേക്ക് ഇറങ്ങിയതിനെത്തുടര്‍ന്ന്, മാറിമാറിവരുന്ന കേന്ദ്രസര്‍ക്കാരുകള്‍ക്കു മേല്‍ എ.പി.എം. സമ്പ്രദായം നിര്‍ത്തലാക്കാനുള്ള സമ്മര്‍ദമുണ്ടായി. കമ്പനികള്‍ക്കു വില നിശ്ചയിക്കല്‍ തീരുമാനം കൈക്കൊള്ളാനാണിത്. 2002-ല്‍ എ.പി.എം. സമ്പ്രദായം മാറ്റി 'ഇംപോര്‍ട് പാരിറ്റി പ്രൈസ്' സമ്പ്രദായം സര്‍ക്കാര്‍ തിരികെക്കൊണ്ടുവന്നു. അങ്ങനെ ആഭ്യന്തരസംസ്‌കരണത്തിലുള്ള ചെലവ് പരിഗണിക്കാതെ അന്താരാഷ്ട്രവിപണിക്കനുസരിച്ച് അസംസ്‌കൃത എണ്ണയ്ക്കും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും വിലനിശ്ചയിക്കുന്ന സമ്പ്രദായം വീണ്ടുമെത്തി. ഒ.എന്‍.ജി.സി. എന്ന എണ്ണ-പ്രകൃതിവാതക കോര്‍പറേഷന്‍, ഓയില്‍ ഇന്ത്യ തുടങ്ങിയ എണ്ണക്കമ്പനികള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയ്ക്കും അവര്‍ സംസ്‌കരിക്കുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ഇത്തരത്തില്‍ അന്താരാഷ്ട്രവിപണിക്കനുസരിച്ച് വില നിശ്ചയിക്കണം എന്ന വിചിത്രമായ രീതിയാണ് അതോടെ നിലവില്‍വന്നത്. എന്നാല്‍ രസകരമായ വസ്തുത,  ഇന്ന് മന്മോഹന്‍ സര്‍ക്കാരിനെതിരെ വാളോങ്ങുന്ന ബി.ജെ.പി ആയിരുന്നു സാധാരണക്കാരന്റെ നടുവൊടിക്കുന്ന ആ തീരുമാനത്തിന് പുറകില്‍ എന്നതാണ്.    
       
        പക്ഷേ, അന്ന് വിവിധ കക്ഷികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കി. ഇവയുടെ നിരക്ക് എ.പി.എം. സമ്പ്രദായത്തില്‍ നിശ്ചയിക്കുക എന്ന രീതി തുടര്‍ന്നു. 'ഇംപോര്‍ട്ട് പാരിറ്റി പ്രൈസ്' സംവിധാനം മുഖേനപെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയവയുടെ വില നിശ്ചയിച്ചിരുന്നെങ്കിലുള്ള നിരക്കും 'അഡ്മിസ്‌ട്രേറ്റീവ് പ്രൈസിങ്' സമ്പ്രദായം എന്ന സര്‍ക്കാര്‍ നിയന്ത്രണമുള്ള സംവിധാനത്തില്‍ കീഴില്‍ ചുമത്താവുന്ന നിരക്കും തമ്മിലുള്ള വ്യത്യാസം കമ്പനികള്‍ ഇതോടെ കണക്കുകൂട്ടിത്തുടങ്ങി. ഇതാണ് അണ്ടര്‍ റിക്കവറി. അതായത് അന്താരാഷ്ട്രവിപണിക്കനുസൃതമായി പെട്രോളിയം ഉത്പന്നങ്ങള്‍ വിറ്റിരുന്നുവെങ്കില്‍ ലഭിക്കേണ്ട ലാഭം. 
കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അന്താരാഷ്ട്രവിപണിയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണ നമ്മുടെ ആഭ്യന്തരസംവിധാനമുപയോഗിച്ച് കുറഞ്ഞ ചെലവില്‍ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉത്പന്നങ്ങളാക്കി വില്‍ക്കുമ്പോള്‍ അന്താരാഷ്ട്രവിപണിയില്‍ കൂടിയ സംസ്‌കരണച്ചെലവില്‍ ഉത്പാദിപ്പിച്ചു വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്കുള്ള വില കണക്കാക്കണം. ആ നിലക്ക് കണക്ക് കൂട്ടുമ്പോള്‍ ഉണ്ടാകുന്ന വിലകള്‍ തമ്മിലുള്ള വ്യത്യാസമാണ് അണ്ടര്‍ റിക്കവറി.

         മറ്റൊരു പ്രധാനപ്രശ്‌നം എണ്ണ സെസ് സംബന്ധിച്ചുള്ളതാണ്. ആഭ്യന്തരമായി ഒരു ടണ്‍ എണ്ണയ്ക്ക് 2500 രൂപവീതം 1974-ലെ എണ്ണ വ്യവസായ വികസന നിയമം അനുസരിച്ച് സെസ് ഈടാക്കുന്നുണ്ട്. നേരത്തേ അത് 1800 രൂപയായിരുന്നു. 1975-ല്‍ ഈ മേഖലയെ സഹായിക്കുന്നതിന് എണ്ണ വ്യവസായ വികസന ബോര്‍ഡും സ്ഥാപിച്ചു. വര്‍ഷം ഏകദേശം 5400 കോടിരൂപയോളം ഈയിനത്തില്‍ സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. പാര്‍ലമെന്ററി സമിതിയുടെ പരിശോധനയില്‍ 2005 മാര്‍ച്ച് 31 വരെ 55,966.81 കോടിരൂപ സെസ് ഇനത്തില്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. എണ്ണ വികസന ബോര്‍ഡിന് നല്‍കിയതാകട്ടെ വെറും 902.40 കോടിയും. എന്ന് വെച്ചാല്‍ പുതിയ എണ്ണ-ഗ്യാസ് പാടങ്ങള്‍ കണ്ടെത്തുന്നതിനും ഈ മേഖലയിലെ വികസനത്തിനും ഗവ: താല്പര്യം കാണിക്കുന്നില്ല. ഇനി ഭാഗ്യവശാല്‍ പുതിയത് കണ്ടു പിടിച്ചാല്‍ അത് തുച്ഛമായ വിലക്ക് സ്വകാര്യ മേഖലക്ക്‌ കൈമാറുന്നു. അവരാകട്ടെ ജനജീവിതത്തെ ബാധിക്കുന്ന ഒരു സുപ്രധാന മേഖല എന്നതില്‍ കവിഞ്ഞു പൊന്‍മുട്ടയിടുന്ന താറാവിനെ പോലെയാണ് ഇത് പരിഗണിക്കുന്നത്.


       ഇവരുടെ നഷ്ടക്കച്ചവടം എന്ന വാദം ഈ കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ട്‌ തന്നെ ചോദ്യം ചെയ്യുന്നു. ഉദാഹരണത്തിന് ഐ.ഒ.സിയുടെ മുന്‍ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ലക്ഷകണക്കിന് കോടിരൂപയുടെ വന്‍കിട പദ്ധതികളില്‍ ഐ.ഒ.സി. ഭാഗഭാക്കാണ്. ആണവോര്‍ജ ഉത്പാദനവുമായി ബന്ധപ്പെട്ട് ആണവോര്‍ജ കോര്‍പ്പറേഷനുമായി ധാരണാപത്രത്തിലും ഈ കമ്പനി ഒപ്പിട്ടുണ്ട്. ഉയര്‍ന്ന മൂലധനവും സാവധാനത്തിലുള്ള ലാഭവും പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. പാപ്പരാകാന്‍ പോകുന്ന എണ്ണക്കമ്പനിയാണോ ഇത്തരം കരാര്‍ ഒപ്പിടുന്നത്? അതോ ജനങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചുപറി നടത്തിയാണോ ആണവോര്‍ജം ഉണ്ടാക്കാന്‍ പോകുന്നത്?. 
വിശദമായി അറിയുവാന്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗപ്പെടും എന്ന് കരുതുന്നു.
        കോണ്‍ഗ്രസ്‌ മാറി ബി.ജെ.പി വന്നാലും ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. കഴിഞ്ഞ എന്‍.ഡി.എ ഭരണകാലത്ത് അരുണ്‍ ഷൂറിയുടെ റോള്‍ എന്തായിരുന്നു എന്ന് എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. കുത്തകകളുടെ താത്പര്യത്തിനൊത്ത് തുള്ളുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ ചങ്ങാത്തമാണ് ഈ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നിയമനിര്‍മാണത്തിന് തടസ്സമാകുന്നതെന്നും വ്യക്തം. ഇച്ഛാശക്തിയുള്ള സര്‍ക്കാറിന് ദീര്‍ഘദൃഷ്ടിയോടെ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. അടുത്ത തവണ അങ്ങനെ ഒരു സര്‍ക്കാര്‍ വരാന്‍ വേണ്ടി നമ്മെ കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.